
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാര്യവട്ടം കാമ്പസിന് സമീപം സൈലം (XYLEM) എന്ന പേരിൽ പ്രവർത്തിക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സ്ഥാപനത്തിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധ സ്ഥിതീകരിച്ചത്.
ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭ ഉള്ളൂർ, കഴക്കൂട്ടം സോണൽ – ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിക്കുകയും അവശ നിലയിലായിരുന്ന കുട്ടികളെ കഴക്കൂട്ടം സി എസ് ഐ ഹോസ്പിറ്റലിലും നഗരസഭയുടെ പാങ്ങപ്പാറ ഹെൽത്ത് സെൻറ്ററിലുമായി പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന എൻട്രൻസ് കോച്ചിങ് സെന്ററിനും ഈ സ്ഥാപനത്തിലേക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം നടത്തിയിരുന്ന കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപത്തായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനും നോട്ടീസ് നൽകുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.