തിരുവനന്തപുരം: 90 ശതമാനം ശാരീരീക പരിമിതി മറികടന്ന് പെരിയാര്‍പുഴ നീന്തിക്കടന്ന അത്ഭുത ബാലന്‍ മുഹമ്മദ് ആസിമിന്റെ അവിശ്വസനീയ പ്രകടനം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് നടക്കും. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അവോക്കി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തിലാണ് അണ്‍ബിലീവബിള്‍ എന്ന പേരില്‍ പ്രകടനം നടത്തുന്നത്.
ഡിഫറന്റ് ആര്‍ട് സെന്റര്‍, അവോക്കി റിസോര്‍ട്ട്‌സ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഭിന്നശേഷി മേഖലയ്ക്ക് വലിയൊരു പ്രചോദനമായ ആസിമിനെ പൊന്നാട അണിയിച്ച് ആദരിക്കും. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ, മാജിക് പ്ലാനറ്റ് മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
പരിമിതികളിലും അതിജീവനം ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിച്ചു കൊണ്ട് നിറഞ്ഞൊഴുകുന്ന ആലുവ പെരിയാറിനെ ഒരു മണിക്കൂര്‍ ഒരു മിനിറ്റ് കൊണ്ട് 800 മീറ്ററിലധികം നീന്തികയറി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്‍ഡ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയനിലും ഇടം നേടിയ 17 വയസ്സുള്ള കോഴിക്കോട് വെള്ളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം.
കൈകളില്ലാതെ ജനിച്ച ആസിമിനു നടക്കാനും സംസാരിക്കാനും കേള്‍വിക്കും പ്രയാസം ഉണ്ട്. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍ പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്.
തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 700 ഓളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു. ഈ സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന സന്ദേശവുമായി സ്‌കൂള്‍ മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ 52 ദിവസം കൊണ്ട് 450 ല്‍ അധികം കിലോമീറ്ററുകര്‍ വീല്‍ച്ചെയറില്‍ സന്ദര്‍ശിച്ച് ലോക ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സഹന സമര യാത്രയും ആസിം നടത്തിയിട്ടുണ്ട്.