Press Club Vartha

കോലിയക്കോട് എൽ.പി സ്‌കൂളിന് പുതിയ ഇരുനില കെട്ടിടം

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം നിയോജകമണ്ഡലത്തിലെ കോലിയക്കോട് സർക്കാർ എൽ.പി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയം ലോകത്തിനാകെ മാതൃകയാണെന്നും ആധുനിക സൗകര്യങ്ങൾ പ്രാപ്തമാക്കാനുള്ള നിക്ഷേപം, വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ സംയോജനം, അധ്യാപന രീതികളിലെ തുടർച്ചയായ നവീകരണം എന്നിവ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾ നിലനിർത്താനും മെച്ചപ്പെടുത്താനും അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ഇരുനില മന്ദിരം പണിയുന്നത്. 4,500 സ്‌ക്വയർ ഫീറ്റിൽ ഇരുനിലകളിലായി അഞ്ച് ക്ലാസ്സ് മുറികൾ, വരാന്ത, സ്റ്റെയർ കെയ്‌സ്, ശുചിമുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 9 മാസമാണ് നിർമാണ കാലയളവ്.

നേമം വാർഡ് കൗൺസിലർ ദീപിക.യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടക സമിതി കൺവീനർ വി.എസ്. ഷാജി, ഹെഡ്മിസ്ട്രസ് ശ്രീജ. ആർ.നായർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായി.

Share This Post
Exit mobile version