Press Club Vartha

ലഹരിവേട്ട; ഡ്രോണ്‍ പരിശോധനയുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ പുതിയ പദ്ധതിയുമായി കേരള പോലീസ്. ഡ്രോണ്‍ പരിശോധന വഴി ഇനി മുതൽ ലഹരി വില്‍പ്പന കൈയോടെ പിടികൂടും. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ഇനിയുള്ള പരിശോധന. ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളിലാണ്. പട്രോളിംഗ് നടത്തുന്നത് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ്.

ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡിജിസിഎ ) കീഴില്‍ പരിശീലനം ലഭിച്ച 45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്. ഐജി പി പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയതായും റൂറല്‍ പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്നിടത്ത് പരിശോധന പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു.

Share This Post
Exit mobile version