Press Club Vartha

ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജില്ലാ കളക്ടർ ചെയർമാനായ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. 2015 മാർച്ചിൽ പൂർണമായും പ്രവർത്തനം അവസാനിച്ച ബോണക്കാട് എസ്റ്റേറ്റിലെ പൂട്ടിപ്പോയ മൂന്നു ഡിവിഷനുകളിലെയും ലയങ്ങളാണ് പുതുക്കിപ്പണിയുക. മൂന്ന് ഡിവിഷനുകളിലായി ആകെ 34 ലയങ്ങളിൽ 155 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇരു മന്ത്രിമാരും വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ഉള്ള ലയങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബോണക്കാട് എസ്റ്റേറ്റ് സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതി എന്ന നിലയിലാണ് ലയങ്ങളുടെ പുനരുദ്ധാരണം നടപ്പിലാക്കുന്നത്. എസ്റ്റേറ്റ് പഴയനിലയിൽ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക കുരുക്ക് അഴിക്കാൻ ശ്രമിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതിനിധികളുമായി ഒരു യോഗം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ബോണക്കാട്ടേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ പൂട്ടിപ്പോയ ബോണക്കാട്ടെ സ്കൂൾ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ ജി. ആനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. മിനി, തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ലയങ്ങളിലെ കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version