തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നാം പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ആഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന QIP യോഗം ശുപാർശ ചെയ്തു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും ഇത് ബാധകം.
ആഗസ്റ്റ് 19 ന് രണ്ട് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതുന്ന പി എസ് സി പരീക്ഷ നടക്കുന്നതിനാൽ അന്നത്തെ പരീക്ഷകൾ ഒഴിവാക്കുകയോ മാറ്റി ക്രമീകരിക്കുകയോ ചെയ്യുന്നതാണ്. അധ്യാപകരുടെ സംബോധനയിലെ ലിംഗസമത്വം ഉറപ്പാക്കുന്നത് സംബന്ധിച്ച ബാലാവകാശ കമ്മീഷൻ്റെ കത്തിന്, അധ്യാപകരുടെ സംബോധന സംബന്ധിച്ച് ലിംഗവിവേചനമുള്ള നിർദേശങ്ങൾ ഒന്നും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ലെന്ന മറുപടി നൽകണമെന്ന് യോഗത്തിൽ നിർദേശമുയർന്നു.
ദിവസ വേതനക്കാരായ അധ്യാപകർക്ക് ശമ്പളം നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതാണ്. ഇതിനായി ഇവരുടെ പെൻ ജനറേറ്റ് ചെയ്യുന്നതിന് മൂന്ന് ജീവനക്കാരെ കൂടി അധികമായി നിയോഗിക്കുന്നതാണ്.
DGE യുടെ ശബ്ദ ശകലങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിൻ്റെ പേരിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ സംഘടനയുടെ നിയന്ത്രണം പിൻവലിക്കാൻ ശുപാർശ ചെയ്തു.