ശ്രീകാര്യം : തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിലെ (സി ഇ ടി ) വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത്കൃഷ്ണനാണ് (20) ആത്മഹത്യ ചെയ്തത്. അമിതമായ അളവിൽ ഗുളിക ഉള്ളിൽ ചെന്നതാണ് മരണ കാരണം.
നെയ്യാറ്റിൻകര തിരുപ്പുറം ശ്രീവത്സത്തിൽ പരേതനായ കൃഷ്ണകുമാറിന്റെയും രശ്മിയുടെയും മകനാണ് ശരത്‌കൃഷ്ണൻ. ശ്രീകാര്യം അമ്പാടി നഗറിൽ ഉള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ശരത് താമസിച്ചിരുന്നത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മുറി തള്ളി തുറന്നപ്പോൾ ശരത് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഉടൻ തന്നെ ശരത്തിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹോസ്റ്റലിൽ താമസിയ്ക്കുന്ന ശരത് കൃഷ്ണൻ സാധാരണയായി ആഴ്ചയിലൊരിയ്ക്കൽ വീട്ടിൽ പോകാറുണ്ട്. എന്നാൽ ഈ ആഴ്ച്ച ശരത് വീട്ടിലേക്ക് പോയിരുന്നില്ല.
പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയും ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്ന് എഴുതിയിരുന്നതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. പഠന ഭാരമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി ശാലിനി കൃഷ്ണൻ.