
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയും പാർലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയും ജനാധിപത്യത്തിന്റെ വിജയവും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾക്കുള്ള താക്കീതുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് അജണ്ടകളുമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വർക്കിങ് പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷത വഹിച്ചു. കേന്ദ്രം രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെതിരെയും മണിപ്പൂരിലും ഹരിയാനയിലും ഫാസിസ്റ്റ്കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ ഉന്മൂലനത്തിനെതിരെയും ഐ എൻ എൽ സ്റ്റേറ്റ് കമ്മിറ്റി ആഗസ്റ്റ് 11ന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സിമ്പോസിയം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി പി അൻവർസാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം, ജില്ലാ ഓർഗ്ഗനൈസിങ് സെക്രട്ടറി സബീർ തൊളിക്കുഴി , കൗൺസിലർ എസ് എം ബഷീർ, നാഷണൽ വിമൺസ് ലീഗ് ജില്ലാ പ്രസിഡന്റ് നജുമുന്നിസ, ബദർ ബാലരാമപുരം, നസീർ തൊളിക്കോട്,ബുഹാരി മന്നാനി,അഷ്‌റഫ്‌ബീമാപ്പള്ളി,കബീർ മണിക്ക്യംവിളാകം,കിളിമാനൂർ ഷാജഹാൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
