തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ വിഷയമായതിനാലാണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രയോരിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല. അത് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. അഴിമതിയാരോപണം റൂൾ 15 പ്രകാരം സഭയിൽ ഉന്നയിക്കാനാവില്ലെന്നും അത് മറ്റൊരു അവസരം വരുമ്പോൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമുഖത അളക്കേണ്ടത് മാധ്യമങ്ങളാണോ. ഇന്നലെ ബില്ലുകളുടെ ചർച്ചയായിരുന്നു. അതിനിടയിൽ സഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാനാവില്ലായിരുന്നു. ഇന്നലെ രാവിലെയാണ് വാർത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തു കഴിഞ്ഞിരുന്നു. ഇന്ന് രണ്ട് വിഷയങ്ങളുണ്ടായിരുന്നു. ഇതിൽ നോട്ടീസ് കൊടുത്താൽ റിജക്റ്റ് ചെയ്യുമായിരുന്നു. അഴിമതിയെക്കുറിച്ച് ഉന്നയിക്കാൻ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂർ വിഷയത്തിൽ നിലപാടെടുത്തു. യുഡിഎഫാണ് ഇത് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. അല്ലാതെ ആരെങ്കിലും വീട്ടിലെ തേങ്ങ വിറ്റ കാശുകൊണ്ടാണോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.