തിരുവനന്തപുരം:കാർഷിക സംസ്കാരത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ കർഷകരും കൃഷിഭവനുകളുംചിങ്ങം ഒന്ന് കർഷക ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന വർണ്ണങ്ങളുടെ തുടക്കമാണിത്.
കഷ്ടതകളുടെയും ദുരിതങ്ങളുടെയും നാളുകൾ മാറി പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും പുത്തൻ തിരിനാളങ്ങളെ വരവേൽക്കുന്ന സുദിനത്തിൽ നാം മറ്റുള്ളവരുടെ വിശപ്പകറ്റുന്ന കർഷകരെ ആദരിക്കുന്നതും, അവരെ ഓർക്കുന്നതും, അവരോടൊപ്പം സമയം പങ്കു വയ്ക്കുന്നതും അവരോടുള്ള ബഹുമാനവും അവർക്കു നൽകുന്ന അംഗീകാരവുമാണ് .
തിരുവനന്തപുരം നന്ദിയോട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാഘോഷ പരിപാടികളും തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിക്കലും ഓഗസ്റ്റ് 17 ന് നന്ദിയോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ വാമനപുരം MLA ഡി കെ മുരളി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശൈലജാ രാജീവ് അദ്ധ്യക്ഷത വഹിക്കും.
ഒരു കാർഷിക ഗ്രാമമായി അറിയപ്പെടുന്ന പഞ്ചായത്താണ് നന്ദിയോട്.കാർഷിക ജോലിയിൽ ഏർപ്പെട്ടു നിത്യജീവിതത്തിനുള്ള വഴി കാണുന്നതിലുപരി വിഷ രഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നൊരു പ്രധാന ദൗത്യം കൂടി ഇവിടുള്ള കർഷകർ ചെയ്യുന്നു.അതിനായി അവർക്കു എല്ലാവിധ സഹായങ്ങളും എത്തിച്ചു നൽകുന്ന നന്ദിയോട് കൃഷിഭവൻ ജീവനക്കാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.കർഷക ദിന ആഘോഷങ്ങൾക്ക് കർഷകരെ ക്ഷണിക്കൽ പൂർത്തീകരിച്ചു വരികയാണ് ജീവനക്കാർ.