തിരുവനന്തപുരം: എക്സൈസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഴിഞ്ഞം സ്വദേശി ‘ഖാൻ’ എന്ന് കുപ്രസിദ്ധനായ 32 വയസ്സുള്ള സഫറുള്ള ഖാനെയാണ് കോടതി ശിക്ഷിച്ചത്. നാല് വർഷം കഠിന തടവിനും 50000 രൂപ വീതം പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻ ഡി പി എസ് കോടതി ശിക്ഷ വിധിച്ചു. 2017 ജൂൺ മാസം അഞ്ചിന് തൊടുപുഴ മുട്ടം റോഡിൽ അലാൻ്റ റസിഡൻസിയിലേക്കും റൈഫിൾ ക്ലബ്ബിലേയ്ക്കുമുള്ള റോഡിൽ വെച്ച് 1,050 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലാണ് തൊടുപുഴ എൻ ഡി പി എസ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നും മൂന്നും നാലും പ്രതികൾക്ക് നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിൽ പ്രതികൾ ഉപയോഗിച്ച സ്പ്രിംഗ് കത്തി, പിച്ചാത്തി, വാക്കത്തി എന്നിവ കോടതി തെളിവിലേക്ക് സ്വീകരിച്ചിരുന്നു.
അടിമാലി എൻ ഇ എസ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം എസ് ജനീഷും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസിൽ, അടിമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ് ഹാജരായി.