Press Club Vartha

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് പത്രിക നൽകിയത് പത്ത് പേർ; സൂക്ഷ്മ പരിശോധന ഇന്ന്.

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിയമസഭാ സാമാജികനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ആ സ്ഥാനത്തേക്കുള്ള ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചത് 10 പേർ. നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയ പരിധി ഇന്നലെ വൈകിട്ട് അവസാനിച്ചു. ആകെ 19 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർഥികളും ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. 2 തവണ ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ഇടതു സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മൂന്നാമതായാണ് പുതുപ്പള്ളിയിൽ മത്സരപ്പോരാട്ടത്തിനിറങ്ങുന്നത്. ജെയ്ക്കിന്റെ ഡമ്മിയായി സിപിഎം നേതാവ് റെജി സഖറിയയും പത്രിക നൽകി. യുഡിഎഫിൽ നിന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും, എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സരിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ പര്യടനത്തിന്റെ വേഗം കൂട്ടുകയാണ് സ്ഥാനാർത്ഥികൾ.അതാതു പാർട്ടികളിൽ മുൻനിരയിലുള്ള നേതാക്കളെ തന്നെ ഏവരും പ്രചാരണത്തിനിറക്കിയിട്ടുണ്ട്.നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.മുഖ്യവരണാധികാരിയായ ആർഡിഒ വിനോദ്‌രാജിന്റെ ഓഫീസിലാണ് പരിശോധന നടക്കുക.ഈ മാസം 21 ആണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി.

 

Share This Post
Exit mobile version