Press Club Vartha

കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്കു സ്വന്തമാക്കി സജിത

പത്തനംതിട്ട :എം ടെക് പഠനത്തിന് ശേഷം ഒരു സ്ഥിരജോലി കണ്ടത്തനാവാത്ത വിഷമത്തിൽ പി എസ് സി കോച്ചിങ് സെന്ററിൽ മെന്ററായി ജോലി നോക്കിയിരുന്ന സജിതക്കു ലഭിച്ചത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ മികവാർന്ന വിജയം.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയാണ് സജിത സലിം.
സിവിൽ സർവീസിനു വേണ്ടിയും കെ എ എസ് പരീക്ഷക്ക് വേണ്ടിയും സജിത ശ്രമം നടത്തിയിട്ടുണ്ട്.രണ്ടിലും ഉൾപ്പെടാൻ കഴിയാത്തതിന്റെ വിഷമം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രണ്ടാം റാങ്കു നേടി മറികടന്നെന്നു സജിത പറയുന്നു.

വീട്ടിലെ പ്രാരാബ്ധങ്ങളിലും തിരക്കുകളിലും പെട്ട് പി എസ് സി പഠനം പാതി വഴി ഉപേക്ഷിക്കുന്നവർക്കും സർക്കാർ സർവീസ് ഒരു ബാലികേറാമലയാണെന്ന് വിചാരിച്ച് പിന്തിരിയുന്നവർക്കും തീർച്ചയായും പ്രചോദനം നൽകുന്നതാണ് സജിതയുടെ ഈ വിജയം.വീട്ടിലെ തിരക്കുകൾക്കിടയിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ പഠനത്തിന് ലഭിച്ചിരുന്നുള്ളു.കെ എ എസ് വളരെ കുറഞ്ഞ മാർക്കിൽ കയ്യിൽ നിന്ന് പോയപ്പോളുണ്ടായ വാശിയിലും കൂടിയാണ് സജിത സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നേടിയെടുത്തത്.പി എസ് സി കോച്ചിങ് സെന്ററിൽ കുട്ടികളെ പഠിപ്പിക്കാനായി മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി ശീലിച്ചതും പരീക്ഷയെ ധൈര്യപൂർവ്വം നേരിടാൻ സജിതക്ക് കരുത്തായി.

എൽ ഡി സി പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ സജിത ഇപ്പോൾ കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ ഓഡിറ്ററായി ജോലി നോക്കുന്നു.ഒട്ടേറെ പഠനോപാധികൾ വാരി വലിച്ചു വായിക്കുന്നതിനേക്കാൾ ഏറ്റവും പ്രാധാന്യമായവ ആവർത്തിച്ച് വായിച്ചു പഠിക്കുന്ന രീതിയാണ് നല്ലതെന്ന് സജിത വ്യക്തമാക്കുന്നു.

കോഴിക്കോട് സ്വദേശി അബ്ബാസാണ്‌ സജിതയുടെ ഭർത്താവ്.അദ്ദേഹമിപ്പോൾ വിദേശത്തു ജോലി നോക്കുന്നു.

Share This Post
Exit mobile version