Press Club Vartha

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അധ്യാത്മാനന്ദ സരസ്വതിക്ക്

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക, ആദ്ധ്യാത്മിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്വാമി ചിദാനന്ദപുരി, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡി.നാരായണ ശര്‍മ്മ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സെപ്റ്റബര്‍ മൂന്നിന് വളളിക്കാവില്‍ നടക്കുന്ന ചടങ്ങില്‍ മാതാ അമൃതാനന്ദ മയി ദേവി പുരസ്‌കാരം സമ്മാനിക്കും. ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള സമ്മേളനം ഉദ്ഘ്ടാനം ചെയ്യും

സ്വാമി ചിന്മയാനന്ദന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്വാമി അധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നൂതന പരിപാടികള്‍ സമാനതകളില്ലാത്തതാണ്.
ഗീതാജ്ഞാന യജ്ഞങ്ങളിലൂടെയും ഭാഗവത സപ്താഹങ്ങളിലൂടെയും ഉപനിഷത്ത് പ്രഭാഷണങ്ങളിലൂടെയും ആത്മീയവും ലൗകികവും സമന്വയിപ്പിച്ച് സ്വാമിജി അന്വേഷകരെ ശാക്തീകരിക്കുന്നു. വാല്‍മീകി രാമായണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ലോകമെമ്പാടുമുള്ള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. കുട്ടികളോടുള്ള സ്വാമിജിയുടെ സ്‌നേഹസംവാദങ്ങള്‍ അവരിലെ കൃഷ്ണാവബോധത്തെ ഉണര്‍ത്താന്‍ സഹായകമാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി

Share This Post
Exit mobile version