Press Club Vartha

വന്‍ വിപണി മൂല്യമുള്ള കടല്‍ക്കുതിര അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് സ്വദേശി വനം വകുപ്പിന്റെ പിടിയില്‍

പാലക്കാട്: വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിര അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് സ്വദേശി വനം വകുപ്പിന്റെ പിടിയില്‍.സംസ്ഥാന വനം ഇന്റലിജന്റ്‌സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടിയത്.

ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളെയാണ് പെട്ടിയില്‍ സൂക്ഷിച്ച 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍ക്കൊപ്പം വനം വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ഫോറസ്റ്റ് വിജലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജയപ്രകാശ്, വിജിലന്‍സ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി.അഭിലാഷ്, ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി അന്വേഷണ സംഘം അറിയിച്ചു.

1972-ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കടല്‍ കുതിരകളുടെ ശേഖരണവും വ്യാപാരവും 2001 ജൂലൈ ഒന്ന് മുതല്‍ പ്രത്യേക മോറട്ടോറിയം മുഖേന നിരോധിച്ചിട്ടുള്ളതാണ്.

Share This Post
Exit mobile version