Press Club Vartha

നിരോധിത പ്ലാസ്റ്റിക് വ്യാപാരം : മൊത്ത വ്യാപാര കട അടച്ചു പൂട്ടി

തിരുവനന്തപുരം: ചാല കമ്പോളത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര കട ജില്ലാ മാലിന്യ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ,പേപ്പർ കപ്പുകൾ, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവ ജില്ലയിലെ മറ്റ് ചില്ലറ കച്ചവട സ്ഥാപനങ്ങൾക്ക് വിപണനം ചെയ്യുന്ന വ്യാപാര സ്ഥാപനമാണിത്. 4,362 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും 46,400 തെർമോകോൾ പ്ലേറ്റുകളും ഇവിടെ നിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉത്പന്നങ്ങൾ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി. കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിലെ ഇറക്കുമതി ലോറിയിൽ നിന്നും 751 കിലോ നിരോധിത പ്ലാസ്റ്റിക് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു.

മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ
കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ആർ. എസ് മനോജ്‌ ,ബബിത എൻ. സി, ഹരികൃഷ്ണൻ, ജിജു കൃഷ്ണൻ
തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
പാളയം മാർക്കറ്റിലും സ്‌ക്വാഡ് പരിശോധന നടത്തി. എന്നാൽ പരിശോധന വിവരം മുൻകൂട്ടി അറിഞ്ഞ വ്യാപാരികൾ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എത്തുന്നതിനു മുൻപേ കട പൂട്ടി.

Share This Post
Exit mobile version