Press Club Vartha

തിരുവല്ലം ടോൾ നിരക്ക് വർധന പിൻവലിക്കണം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലം
ടോൾ പ്ലാസയിൽ ദേശീയ പാതാ അതോറിറ്റി നടത്തുന്ന അന്യായമായ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ ആവശ്യപ്പെട്ടു. വൻതുക ടോളിനത്തിൽ നിലവിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ 20 മുതൽ 40% വരെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം കൊള്ളലാഭം ലക്ഷ്യമാക്കിയാണ്. കരാറിൽ നിർദ്ദേശിച്ച സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ നിരക്ക് അഞ്ച് തവണയായി വർദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കനുസരിച്, കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഒറ്റത്തവണ യാത്രക്ക് നൽകേണ്ട 120 രൂപയ്ക്കു പകരം ഇനി 150 രൂപ നൽകണം. തിരികെയുള്ള യാത്രക്കും കൂടി ചേർത്ത് നൽകേണ്ട തുക 120 രൂപയിൽ നിന്ന് 225 രൂപയായും വർധിപ്പിച്ചു. പ്രതിമാസ പാസ് തുക 4,005 രൂപയിൽ നിന്നു 5,035 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.

മിനിബസ് പോലുള്ളവയ്ക്ക് ഒറ്റത്തവണ യാത്രക്ക് 195 രൂപയായിരുന്ന ടോൾ നിരക്ക് 245 രൂപയായും മടക്കയാത്രക്ക് 290 രൂപയിൽ നിന്നു 365 രൂപയായും കൂട്ടിയിട്ടുണ്ട്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റത്തവണ യാത്രക്ക് നൽകേണ്ട 405 രൂപയ്ക്കു പകരം ഇനി 510 രൂപ നൽകണം.

തിരുവനന്തപുരത്തേക്കും കഴക്കൂട്ടം ഭാഗത്തേക്കും പോകുന്ന തൊഴിലാളികളും സാധാരണക്കാരുമായ ജനവിഭാഗങ്ങൾക്ക് കടുത്ത ആഘാതമാണ് ടോൾ നിരക്ക് വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്. ആയതിനാൽ ഈ അന്യായമായ പണപ്പിരിവ് പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ധന വിലവർദ്ധനവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പൊറുതിമുട്ടി ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് ഇരട്ടി ഭാരം ചുമത്തി, ജനത്തെ ഞെക്കി പിഴിയാനുള്ള ശ്രമത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും അഷ്റഫ് കല്ലറ ആവശ്യപ്പെട്ടു.
അടിക്കടിയുള്ള നിരക്ക് വർദ്ധനക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. പുതുക്കിയ ടോൾ നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ വാർത്ത കുറിപ്പിൽ അറിയിച്ചു

Share This Post
Exit mobile version