Press Club Vartha

രണ്ടര വർഷത്തിനുശേഷം വീണ്ടും സജീവമാവാനൊരുങ്ങി തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി മുൻപ്രതാപത്തോടെ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ്. മാനവീയം തെരുവിലെ കലാകാരന്മാരുടെ കൂട്ടായ്‌മയായ തെരുക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 3 വർഷത്തെ സംസ്ഥാന അവാർഡ് ജേതാക്കളായ ബാലതാരങ്ങൾക്ക് ഞായറായ്ച്ച വൈകിട്ട് വീഥിയിൽ ആദരവ് നൽകി.

സിദ്ധാർത്ഥ (ഫിലിം ക്രിട്ടിക്സ് അവാർഡ് 2020), സ്നേഹ (സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2021), തന്മയ സോൾ (സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2022) എന്നീവർക്കു മാനവീയം തെരുക്കൂട്ടത്തിൻ്റെ ആദരവ് നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ നൽകി അനുമോദിച്ചു.

മാനവീയം കലാ പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം മാനവീയത്തു നിന്നും 100 കിലോ മീറ്ററിലധികം സൈക്കിൾ ചവിട്ടിയ ഇൻഡസ് സൈക്ലിങ് എംബസിയിലെ ഗൗരീഷിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് മാനവീയം തെരുക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ടുകളുടെ അവതരണവും നടന്നു.

തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയെ കലാസാംസ്കാരിക പരിപാടികൾ കൊണ്ടു സമ്പുഷ്ടമാക്കി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും അന്യംനിന്നു പോകുന്ന കലാരൂപങ്ങൾ അവതരിപ്പിക്കാനും ആസ്വദിക്കാനും കഴിയുന്ന ഇടമായി വീണ്ടും ജനകീയമാക്കുകയാണ് ലക്ഷ്യമെന്ന് മാനവീയം തെരുക്കൂട്ടത്തിന്റെ പ്രവർത്തകർ അറിയിച്ചു.

അതേസമയം വീഥിയിലെ നവീകരിച്ച സ്മാർട്ട് റോഡ് ഓണത്തിന് മുമ്പേ തുറക്കുമെന്നു പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വഴുതക്കാട് മ്യൂസിയം റോഡുകളെ ബന്ധിപ്പിക്കുന്ന 250 മീറ്റർ വീഥിയാണ് സാംസ്കാരിക ഇടനാഴി. മ്യൂസിയം വെള്ളയമ്പലം റോഡിലുള്ള വയലാർ രാമവർമ്മയുടെ ശില്പം സ്ഥിതിചെയ്യുന്ന സ്ഥലം മുതൽ ആൽത്തറ ജംഗ്ഷനിലുള്ള ജി.ദേവരാജന്റെയും പി. ഭാസ്‌കരന്റെയും ശില്പം ഇരിക്കുന്ന സ്ഥലം വരെയാണ് ഒരേക്കറിനു മുകളിൽ വിസ്തീർണമുള്ള മാനവീയം വീഥിയുടെ പരിധി.

Share This Post
Exit mobile version