Press Club Vartha

ശാന്തിഗിരിയില്‍ നാളെ നവപൂജിതം; മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും

പോത്തൻകോട്:  നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതത്തിനൊരുങ്ങി ശാന്തിഗിരി ആശ്രമം. ആഘോഷപരിപാടികള്‍  മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നാളെ(ആഗസ്ത് 22 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ആശ്രമത്തിലെത്തുന്ന മുൻരാഷ്ട്രപതി സ്പിരിച്വൽ സോൺ സന്ദർശിച്ച് താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തും.
9.30 ന് നവപൂജിതം സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥി. ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷനാകും.  മുന്‍രാഷ്ട്രപതിയും ഗവര്‍ണറും ആശ്രമം  ഗുരുസ്ഥാനീയയെ സന്ദര്‍ശിക്കും.   വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ സമ്മേളനത്തില്‍‍ ആദരിക്കും. സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇ- സ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെയും  നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.എ.എസ് പരിശീലനം നല്‍കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ്‘ പദ്ധതിയുടെയും പ്രഖ്യാപനം മുന്‍രാഷ്ട്രപതി നിര്‍വഹിക്കും. ‍
ആശ്രമം  പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ  ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമാകും. ജോയിന്റ് ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കും.. അടൂർ പ്രകാശ് എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീർ തിരുമല, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് സെബാസ്റ്റ്യന്‍,വേദിക് -ജോൺ സ്മിത്ത് ഐ.ഇ.എസ് അക്കാദാമി ഡയറകടർ നീതു ജേക്കബ് വർക്കി, ഡി.ജി.എം  താരു എലിസബത്ത് വർക്കി,ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഡോ.പി.എ.ഹേമലത   എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
നവപൂജിതദിനമായ 22 ന് രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെ    ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ പുഷ്പസമര്‍പ്പണം. ഉച്ചയ്ക്ക് അന്നദാനവും വിവിധ സമർപ്പണങ്ങളും നടക്കും. ഉച്ചയ്ക്ക് 12.30 ന്  സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭ എം.പി. ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.  എം.നരേന്ദ്രനെ ആദരിക്കും. ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ബിലീവേഴ്സ് ചര്‍ച്ച് ഓക്സിലറി ബിഷപ്പ്  മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ,  മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്,  സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം) , സി.പി. ഐ (എം) സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവർ സംബന്ധിക്കും.
വൈകിട്ട് 3.30 ന് പൊതുസമ്മേളനം ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേരള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എ. നായര്‍ ഐ.എ.എസ്. , റിട്ട., സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജമോഹന്‍ എന്നിവരെ ആദരിക്കും. രാജ്യസഭാഗം എ.എ.റഹീം, കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ,  സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍,  മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സ്വാമി സുരേശ്വരാനന്ദ (ശിവഗിരി മഠം), പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മലങ്കര സഭ  തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുന്‍ എം.പി.എന്‍.പീതാംബരക്കുറുപ്പ്,  ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശിവന്‍കുട്ടി എന്നിവർ സമ്മേളനത്തിൽ  പങ്കെടുക്കും.
നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി  നടന്നു വരുന്ന 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനാസങ്കൽപങ്ങൾക്കും നാളെ  വൈകിട്ട് 5 ന് നടക്കുന്ന ദീപപ്രദക്ഷിണത്തോടെ സമാപനമാകും. നവപൂജിതം ആഘോഷങ്ങൾക്ക് മിഴിവേകാൻ ജാപ്പാനീസ് നർത്തകി കനേമി ടോമിയാസുവിന്റെ ഭരതനാട്യചുവടുകളുമുണ്ടാകും. രാത്രി 9.30 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.  സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണ കുംഭമേളയോടെ ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികള്‍ക്ക് സമാപനമാകും
Share This Post
Exit mobile version