Press Club Vartha

താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി

കോട്ടയം: വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി രംഗത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്‍റെ കുടുംബത്തിനു വേണ്ടി ചെയ്ത സേവനം ചാനലിലൂടെ പറഞ്ഞതിന് പിരിച്ചു വിട്ടു എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം ഉന്നയിക്കുന്ന സതിയമ്മ താത്ക്കാലിക ജീവനക്കാരിയല്ലെന്നാണ് മന്ത്രിയുടെ വാദം. താൽക്കാലിക ജീവനക്കാരിയായ ജിജിമോളുടെ പകരക്കാരിയായാണ് സതിയമ്മ ജോലി ചെയ്തിരുന്നത്.

കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നത്. ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനെയാണ് ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത് ജിജിമോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ്.

അവർ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കത്തു നല്‍കിയിട്ടുള്ളത്. ജിജിമോളുടെ അക്കൗണ്ടിലേക്കാണ് ശമ്പളം കൊടുക്കുന്നതും. ജിജിമോളുടെ അക്കൗണ്ടിൽ വരുന്ന ശമ്പളം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടി നിയമപരമാണെന്നും പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version