Press Club Vartha

ഓണക്കാലത്തെ വ്യാജമദ്യക്കടത്ത് :എക്‌സൈസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉത്പാദനം, വിതരണം, കടത്ത് തടയുന്നതിനായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ തല ജനകീയസമിതി യോഗത്തിന്റേതാണ് തീരുമാനം. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജമദ്യ ഉത്പാദനം, വിതരണം, കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളും എൻഡിപിഎസ് കുറ്റകൃത്യങ്ങളും തടയുന്നതിന് ആഗസ്റ്റ് ആറ് മുതൽ തീവ്രയജ്ഞ എൻഫോഴ്‌സമെന്റ് പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു.

സെപ്റ്റംബർ അഞ്ച് വരെ സ്‌പെഷ്യൽ ഡ്രൈവ് പ്രവർത്തനങ്ങൾ തുടരും. ഇതിന്റെ ഭാഗമായി എക്‌സൈസ് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പരിശോധനകൾക്കായി രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും ഒരു അതിർത്തി പട്രോളിങ് യൂണിറ്റും പ്രവർത്തനനിരതമാണെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു.

തീവ്രയജ്ഞ പരിശോധനകളുടെ ഭാഗമായി ജില്ലയിൽ 698 റെയ്ഡുകളാണ് എക്‌സൈസ് സംഘം നടത്തിയത്. 67 അബ്കാരി കേസുകളും 38 എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസിൽ 62 പേരെയും എൻഡിപിഎസ് കേസിൽ 42 പേരെയും അറസ്റ്റ് ചെയ്തു. 504 ലിറ്റർ വ്യാജ മദ്യം പരിശോധനയിൽ പിടിച്ചെടുത്തു. 14 കിലോഗ്രാം കഞ്ചാവും 1227 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 1,78,400 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.

അതിർത്തിമേഖലകളിൽ എക്‌സൈസ്-പോലീസ്-വനം വകുപ്പുകളുടെ സംയുക്ത പരിശോധന കർശനമാക്കുന്നതിനും നിരോധിത പുകയില ഉത്പന്നങ്ങൾ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിന് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികൾ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.

മിനികോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥരും വനം, ആരോഗ്യം, ഡ്രഗ്‌സ് കൺട്രോൾ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Post
Exit mobile version