Press Club Vartha

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പരാപ്തത കൈവരിക്കാൻ കേരളത്തിന് ‘പോഷകസമൃദ്ധി മിഷൻ’

ആലപ്പുഴ: 2026 ഓടുകൂടി കേരളം പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷൻ എന്ന പേരിൽ ചിങ്ങം 1 മുതൽ പച്ചക്കറി ഉത്പാദന മിഷൻ ആരംഭിച്ചതായും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയിലൂടെ ആരംഭിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

ഓണക്കാലത്ത് പഴം പച്ചക്കറി ഉത്പന്നങ്ങൾക്ക് ബോധപൂർവ്വമായി സൃഷ്ടിക്കുന്ന വിലക്കയറ്റത്തെ തടയാൻ ഇത്തരം ഓണചന്തകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരിൽ നിന്നും 10 ശതമാനം കൂടുതൽ വില നൽകി സംഭരിക്കുന്ന ഉൽപന്നങ്ങൾ 30 ശതമാനം വരെ വില കുറച്ച് ഉപഭോക്താക്കൾക്ക് ഈ ചന്തകളിലൂടെ ലഭ്യമാക്കും.

ലോകമാകെ കാലാവസ്ഥയിൽ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിരീതികളിലും മാറ്റം വരുത്തണം. വെള്ളം അറിഞ്ഞ് കൃഷി ചെയ്യണം. ജലാശയങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും കഴിയണമെന്നും കൃഷി വകുപ്പ് കാർബൺ തുലിത കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളാ അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ആരംഭിച്ചു.

കേരള അഗ്രോ ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ കാർഷിക ഉൽപന്നങ്ങളുടെ വിൽപ്പന ആരംഭിച്ചു. 100 ഉൽപന്നങ്ങൾ ആണ് ലക്ഷ്യമിട്ടതെങ്കിലും 205 ഉൽപന്നങ്ങൾ വില്പനയ്ക്ക് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. കാബ്കോ പൂർണ്ണ സജ്ജമാകുന്നതോടെ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Share This Post
Exit mobile version