തിരുവനന്തപുരം: ഓൺലൈൻ ചാനൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി.
ബിഎസ്എൻഎൽ ബില്ല് വ്യാജമായി നിർമിച്ചെന്നാണ് കേസ്.
നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.