Press Club Vartha

തിരുവോണ ദിനത്തിൽ ഉപവാസ സമരവുമായി മാധ്യമത്തിലെ ജീവനക്കാർ

കോഴിക്കോട്: ഉപവാസ സമരവുമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ. ശമ്പള കുടിശ്ശിക കിട്ടാത്തിനെ തുടർന്നാണ് തിരുവോണ ദിനത്തിൽ സമരവുമായി ജീവനക്കാർ രംഗത്തെത്തിയത്.

മൂന്ന് മാസമായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. തുടർന്ന് തിരുവോണ ദിവസം രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ വെള്ളിമാട്കുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിലാണ് ഉപവാസം സംഘടിപ്പിച്ചത്.

ജീവനക്കാരുടെ സംഘടനകൾ സമരം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉപവാസസമരം സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് എംപ്ലോയിസ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

നിലവിൽ മെയ് മാസം വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചത്. ബാക്കി മൂന്ന് മാസങ്ങളിലെ ശമ്പളവും കൊവിഡ് കാലത്ത് പിടിച്ച ശമ്പള ബാക്കിയുമായി ഓരോരുത്തർക്കും ശരാശരി ഒന്നര ലക്ഷംവരെ കിട്ടാനുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. അവസാനത്തെ ചർച്ചയിൽ രണ്ട് മാസത്തെ ശമ്പളമെങ്കിലും ഓണത്തിന് മുമ്പ് നൽകിയാൽ സമരം ഒഴിവാക്കാമെന്ന തൊഴിലാളികളുടെ നിർദ്ദേശവും മാനേജ്മെന്റ് അംഗീകരിച്ചില്ലെന്ന് കോഴിക്കോട് എംപ്ലോയിസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Share This Post
Exit mobile version