Press Club Vartha

ശ്രീനാരായണഗുരു കാലത്തെയും ജീവിതത്തെയും പുതുക്കിപ്പണിതു; മുഖ്യമന്ത്രി

ചെമ്പഴന്തി : ശ്രീനാരായണ ഗുരുവിനെപോലെ പോലെ കാലത്തെയും ജീവിതത്തെയും പുതുക്കിപ്പണിതു മറ്റൊരു ഗുരുവില്ലായെന്നും അന്ധകാര നിബിഡമായ ജീവിതത്തെ അദ്ദേഹം വെളിച്ചത്തിലേക്ക് നയിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എല്ലാ സാമൂഹിക ജീവിതക്രമങ്ങളും ബ്രാഹ്മ ണാധിഷ്ഠിതമായിരുന്ന ഒരു കാലഘട്ടത്തിൽ അയിത്തം എന്ന വ്യവസ്ഥയും അന്ധവിശ്വാസങ്ങളും മണ്ണാപ്പേടി പുലപ്പേടി തുടങ്ങിയ ജീർണാ ചാരങ്ങളും ജീവിതം ദുസ്സഹമാക്കി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണം ചെയ്തു പോന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഗുരു ജീവിച്ചത്.

ചിന്താപരമായ ഇടപെടലിലൂടെ ഈ സാമൂഹ്യ അസമത്വങ്ങൾ ഗുരു മാറ്റി തീർക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരു കുലത്തിൽ 169-ാംമത് ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിൻറെ ആഹ്വാനം എല്ലാ വിഭാഗങ്ങളിലും മാറ്റത്തിൻറെ കാറ്റുപരത്തി. നമ്പൂതിരിസമുദായത്തിലെ യോഗക്ഷേമസഭയും നായർ സമുദായത്തിലെ എൻ എസ് എസുമെല്ലാം അതിന് ഉദാഹരണങ്ങളാണ്.

ഗുരുവിന്റെ ശിഷ്യഗണങ്ങളിലേ ബ്രാഹ്മണ സമുദായാംഗമായ ആനന്ദ തീർത്ഥനും നായർ സമുദായാംഗമായ സത്യവൃത സ്വാമികളും മനുഷ്യൻ ഒന്നാണെന്ന വിശ്വാസം പ്രാവർത്തികമാക്കാനും മാനവികതയുടെ സന്ദേശം ഈ സമൂഹത്തിൽ സന്നിവേശിപ്പിക്കാനും ഇടയാക്കിയവരാണ് എന്നതും ഓർക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വംശവിവേചനവും മനുഷ്യരെ നഗ്നരാക്കി നടത്തുന്നതും നരബലിയും ആൾക്കൂട്ട ആക്രമണങ്ങളും കേരളത്തിലും മടങ്ങിവരണമെന്നാഗ്രഹിക്കുന്നവർ ഉണ്ടെങ്കിലും അവർക്കതിന് കഴിയാത്തത് ഗുരുവിന് പോലുള്ളവരുടെ പുരോഗമന ആശയങ്ങളും പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളും ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ ഇറങ്ങുമ്പോഴും നമ്മൾ ശാസ്ത്ര ബോധം വളർത്തുന്നതിൽ പരാജയപ്പെടുകയാണ്. പരിണാമം സിദ്ധാന്തം പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി അബദ്ധ ജടിലമായ വിവരങ്ങൾ കുത്തി നിറക്കുകയാണ്. നിരന്തരമായ സമരങ്ങളിലൂടെ നാം നേടിയ എല്ലാ സാമൂഹിക മാറ്റങ്ങളെയും നൂറു വർഷം പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവർ അയിത്തം ഉൾപ്പെടെ എല്ലാം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. കേരളത്തിലും അത്തരക്കാരുടെ ശ്രമങ്ങൾ ഉണ്ട് അവരുടെ നിലനിൽപ്പിന് അത് ആവശ്യമാണ്. അതിനെയെല്ലാം ചെറുത്തുനിൽക്കാൻ ഇത്തരം സമ്മേളനങ്ങളിലൂടെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ,കൊടിക്കുന്നിൽ സുരേഷ് എംപി,എ എ റഹീം എം പി,മുൻ മന്ത്രി എം എം ഹസ്സൻ, ഗോകുലം ഗോപാലൻ , ജി മോഹൻദാസ് ,കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി എന്നിവർ പ്രസംഗിച്ചു.

Share This Post
Exit mobile version