തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള ആലോചനയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശം. എന്നാൽ ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കുറച്ച് മുന്നോട്ടു പോകാൻ ജനങ്ങൾ തയാറായാൽ ലോഡ് ഷെഡ്ഡിങ്ങോ പവർ കട്ടോ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നും അതിനിടെ മഴ പെയ്യുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. ഉത്പാദന മേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലയെന്നത് പ്രതിസന്ധി ഘട്ടത്തിൽ മനസിലാക്കേണ്ടതാണ്.
മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.