കോട്ടയം: പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർഥികൾ പരമാവധി പേരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കും. വോട്ടർമാർക്കുള്ള സ്ലിപ് വിതരണം രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കും.
കോൺഗ്രസിനായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, ഇടതുപക്ഷത്തിന് വേണ്ടി ജെയ്‌ക് സി തോമസ്, ബിജെപിക്കായി ലിജിൻ ലാൽ എന്നിങ്ങനെ ഏഴ് സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മാറ്റുരയ്‌ക്കുന്നത്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുക. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ്. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ ടി പി ബി എസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.