Press Club Vartha

ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന കരിക്കുലം പരിഷ്കരണത്തിന് ബദലായി ഒരു മാതൃക മുന്നോട്ട് വെക്കാനാണ് കേരളം ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

തലശ്ശേരി: ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന കരിക്കുലം പരിഷ്കരണത്തിന് ബദലായി ഒരു മാതൃക മുന്നോട്ട് വെക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ലേഡീസ് ഹോസ്റ്റൽ, അക്കാദമിക് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഹബ് ആക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിലേക്കുള്ള ഏറ്റവും പ്രധാന ചുവടുവെപ്പാണ് കരിക്കുലം പരിഷ്കരണം. നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സാങ്കേതികമായി മൂന്നുവർഷ പ്രോഗ്രാം നാല് വർഷമാക്കുന്നതിനപ്പുറം ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്. ജ്ഞാന വിതരണം കൊണ്ട് മാത്രം ഇത് വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി സാധ്യമാകില്ല. അതിന്റെ അടിസ്ഥാനമായ വർത്തിക്കേണ്ടത് മാനവികത ബോധവും സഹജീവി സ്നേഹവുമൊക്കെയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്റോൾമെന്റ് റേഷ്യോ 43 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും നീതി ആയോഗിന്റെയും അംഗീകാരങ്ങൾക്ക് പുറമേ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതെത്തി. ഗവേഷകരംഗത്തിന് പ്രാമുഖ്യം നൽകികൊണ്ടുള്ള നിക്ഷേപങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നതിന് പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്.

ലൈഫ് സയൻസ്, കെമിക്കൽ സയൻസ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ പത്തോളം വൈജ്ഞാനിക മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയും ബന്ധിപ്പിച്ചുകൊണ്ട് നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി കൂടി മാറ്റുകയാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താനായി അസാപ്പിലൂടെ ഗവ. പോളിടെക്നിക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version