
കാട്ടാക്കട: രാത്രി കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ്സിനുള്ളിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.കാട്ടാക്കട ഡിപോയിലെ മെക്കാനിക്ക് ആയ പ്രമോദ് ആണ് അതിക്രമം കാട്ടിയത്.
വട്ടപ്പാറ മരുതുമൂട് സ്വദേശിയായ ഇയാള് നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് വരുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം.മേപ്പൂക്കട ഭാഗത്ത് വെച്ച് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിക്ക് നേരെ അതിക്രമം നടത്തി.
ബസിൽ വച്ച് രണ്ടുതവണ കൈതട്ടി എറിഞ്ഞിട്ടും വീണ്ടും ഇയാൾ ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. എട്ട് മണിയോടെ അദ്ദേഹം കാട്ടാക്കട ബസ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു.മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയും ഭർത്താവും പരാതി നൽകി. സംഭവത്തിൽ പൊലിസ് കേസെടുത്തു.
