Press Club Vartha

ലഹരി കടത്തിന്‌ തടയിട്ട് എക്സൈസ്; 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരും അബ്കാരി കേസുകളിൽ 1479 പേരും അറസ്റ്റിലായിട്ടുണ്ട്. ആഗസ്റ്റ് 6ന് ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവ് സെപ്റ്റംബർ 5 നാണ് അവസാനിച്ചത്.

3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പിടിച്ചത്. ഓണം സ്പെഷ്യൽ ഡ്രൈവ് വിജയിപ്പിച്ച എല്ലാ എക്സൈസ് സേനാംഗങ്ങളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ഉത്സവാഘോഷ വേളകളിലും ജോലിയിൽ വ്യാപൃതരായി, ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായി. ചെക്ക്പോസ്റ്റിലുള്‍പ്പെടെ കൂടുതൽ പേരെ നിയോഗിച്ചായിരുന്നു ഡ്രൈവ് മുന്നോട്ടുകൊണ്ടുപോയത്.

കെമു മുഖേന അതിർത്തിയിലെ ഇടറോഡുകളിലും വ്യാപക പരിശോധന നടത്തി. സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തിൽ കണ്ട്രോള്‍ റൂമുകള്‍ ആരംഭിച്ചിരുന്നു. ലൈസൻസ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കിയിരുന്നു. കൂടുതൽ മികവാർന്ന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമായി എക്സൈസ് സേന മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

ഓണം ഡ്രൈവിന്റെ ഭാഗമായി 13,622 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 942 റെയ്ഡുകളും സംഘടിപ്പിച്ചു. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസുകളിൽ 56 വാഹനങ്ങളും അബ്കാരി കേസുകളിൽ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോർട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്.

കുറവ് കാസർഗോ‍‍ഡ് ജില്ലയിൽ (8 കേസുകള്‍). അബ്കാരി കേസുകള്‍ ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട് (55), ഇടുക്കി (81 കേസുകള്‍) ജില്ലകളിലുമാണ്. സംസ്ഥാനത്താകെ പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2203 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചത്. ഓണം ഡ്രൈവിന്റെ ഭാഗമായി 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിൻ, 9 ഗ്രാം ബ്രൗൺ ഷുഗർ, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയിൽ, 83 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

അബ്കാരി കേസുകളിൽ 1069.1 ലിറ്റർ ചാരായം, 38311 ലിറ്റർ വാഷ്, 5076.32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 585.4 ലിറ്റർ വ്യാജമദ്യം, 1951.25 ലിറ്റർ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.

Share This Post
Exit mobile version