Press Club Vartha

റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാർ റദ്ദാക്കിയത് ശെരിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിൽ നിലനിന്നിരുന്ന ദീർഘകാല കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ എങ്ങനെ മറികടക്കാമെന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയം പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

4.29 രൂപയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയതിലൂടെ വൈദ്യുതിയുടെ വാങ്ങൽ വില ഉയർന്നതായും മന്ത്രി പറഞ്ഞു. എന്നാൽ ഇതുകാരണം നിലവിൽ വൈദ്യുതി വില കൂട്ടേണ്ട സാഹചര്യമില്ല. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളും, ടെൻഡർ നടപടിക്രമങ്ങളും പാലിക്കുന്നതിൽ 2014-15 ലെ ദീർഘകാല കരാർ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയത്.

ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതായും, ഇതിന്റെ ബാധ്യത ജനങ്ങൾക്ക് മേൽ വരുമെന്ന് ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു

Share This Post
Exit mobile version