തിരുവനന്തപുരം: വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുന്ന വേളയിൽ വാഹനങ്ങളില്‍ ഓൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗത മേഖലയിലെ സാങ്കേതികവിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിർമാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷ്വറന്‍സ് സർവെ പ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു.
ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിങ്ങുകള്‍ ഘടിപ്പിച്ച് നിയമവിരുദ്ധമായി ഓൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമാണ്. അനധികൃത ഓൾട്ടറേഷനുകൾ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഇത്തരം പ്രവൃത്തികളുടെ അപകടസാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കുവാനും ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.