Press Club Vartha

എസ് ഐയെ കുരുക്കാന്‍ പ്രതിയെ സി ഐ തുറന്നുവിട്ടുവെന്ന് പരാതി

തിരുവനന്തപുരം: നിയമം കാക്കേണ്ടവരാണ് പോലീസുദ്യോഗസ്ഥർ. എന്നാൽ ഇവർക്കിടയിൽ തന്നെ പകപോക്കൽ വർധിക്കുന്നുവെന്നാണ് കഴിഞ്ഞ കുറച്ചു ദിവസമായി പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. എസ് ഐയെ കുരുക്കാനായി സി ഐ തന്നെ കള്ളത്തരം കാണിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. എസ് ഐയെ കുരുക്കാന്‍ മോഷണക്കേസിലെ പ്രതിയെ സെല്ലില്‍ നിന്നു സി ഐ തുറന്നുവിട്ടുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ആരോപണം. മംഗലപുരം എസ്.ഐയായിരുന്ന അമൃത് സിങാണ് പരാതി നല്‍കിയത്. മോഷണക്കേസിലെ പ്രതിയെ തുറന്ന് വിട്ട ശേഷം എസ്.ഐയുടെ മേല്‍ കുറ്റം കെട്ടിവച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മംഗലപുരം എസ്.എച്ച്.ഓ ആയിരുന്ന എച്ച്.എല്‍.സജീഷിനെതിരെയാണ് പരാതി.

പ്രതിയെ ചാടിപോകാന്‍ സഹായം നല്‍കുന്ന സി സി ടി വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ഈ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എസ് പി ഡി ശില്‍പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പ് തല അന്വേഷണത്തിനിടെയാണ് എസ് ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിക്ക് മുന്നില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജനുവരിയില്‍ തടിമോഷണക്കേസിൽ പിടികൂടിയ ആളെയാണ് തുറന്നുവിട്ടതെന്നാണ് ആരോപണം. പിറ്റേദിവസം സി.ഐയുടെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തു.

Share This Post
Exit mobile version