തിരുവനന്തപുരം:വാമനപുരം മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും കുട്ടിയുടെ പഠനപ്രക്രിയയില്‍ രക്ഷിതാക്കളെക്കൂടി ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ട് ഡി.കെ മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു.രക്ഷിതാക്കള്‍ക്കും പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള കുട്ടികള്‍ക്കും എം.എല്‍.എയുമായി നേരിട്ട് സംവദിക്കാനും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനുമുള്ള സൗകര്യങ്ങളുള്ള എഡ്യൂകെയര്‍ ആപ്പിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കല്ലറ ഗവണ്‍മെന്റ് വി.എച്ച്.എച്ച്.എസില്‍ നിര്‍വഹിക്കും. ഡി.കെ.മുരളി എം.എല്‍.എയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മണ്ഡലത്തിലെ എല്ലാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എം.എല്‍.എ എഡ്യൂകെയര്‍.കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴിലുള്ള എല്‍2 ലാബ്സിന്റെ സഹായത്തോടെ വികസിപ്പിച്ച സ്റ്റുഡന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയാണ് പദ്ധതി സാധ്യമാക്കുന്നത്.
കുട്ടികളുടെ ദൈനദിന പ്രവര്‍ത്തനങ്ങള്‍,പഠനകാര്യങ്ങള്‍ എന്നിവ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാനും പരസ്പരം ആശയവിനിമയം നടത്താനും ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കുട്ടിയുടെ ഹാജര്‍നില രക്ഷിതാവിന് നേരിട്ട് പരിശോധിക്കാമെന്നതാണ് ആപ്പിന്റെ പ്രത്യേകത. അധ്യാപകന്‍ ഹാജരെടുക്കുമ്പോള്‍ കുട്ടി ക്ലാസിലെത്തിയിട്ടില്ലെങ്കില്‍ 30 സെക്കന്റിനുള്ളില്‍ രക്ഷിതാവിന് ഇതുസംബന്ധിച്ച അറിയിപ്പെത്തും. കുട്ടിയുടെ ഓരോ ദിവസത്തെയും പഠനനിലവാരം മനസിലാക്കാനും രക്ഷിതാവിന് ആപ്പിലൂടെ സാധിക്കും. ക്ലാസ് ടെസ്റ്റുകളുടെയും പരീക്ഷകളുടെയും മാര്‍ക്കുകള്‍ അധ്യാപകര്‍ ആപ്പിലേക്ക് നല്‍കുമ്പോള്‍ തന്നെ രക്ഷിതാവിന് പരിശോധിക്കാന്‍ സാധിക്കും.ഓരോ കുട്ടിയുടെയും പഠനനിലവാരം അറിയാന്‍ അക്കാഡമിക് എക്‌സലന്‍സ് മോണിറ്ററിംഗ് എന്നൊരു സംവിധാനവും ഇതിലുണ്ട്.കുട്ടി ഏത് വിഷയത്തിലാണ് പിന്നില്‍ നില്‍ക്കുന്നതെന്ന് കൃത്യമായി ഇതിലൂടെ മനസിലാക്കാം. അധ്യാപകരും രക്ഷിതാവും തമ്മില്‍ കുട്ടിയുടെ പഠനകാര്യങ്ങളില്‍ ആശയവിനിമയം നടത്താനും ഇതിലൂടെ കഴിയും.വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ആക്‌സിലറേറ്റഡ് റീഡിംഗ് എന്നൊരു സംവിധാനവും ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടിയുടെ ബൗദ്ധിക വളര്‍ച്ചക്കും പഠനനിലവാരത്തിനും അനുസരിച്ച് അവര്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കാനും ആപ്പിനാകുമെന്നതും ഇതിന്റെ സവിശേഷതയാണ്.
പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ കഴിവുകള്‍ കണ്ടെത്താന്‍ എല്‍.പി, യു.പി,എച്ച്.എസ്,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ടാലന്റ് ഹണ്ട് എന്ന പേരില്‍ ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു.കല്ലറ ഗവണ്‍മെന്റ് വി.എച്ച്.എച്ച്.എസില്‍ നടന്ന ക്വിസ് പ്രോഗ്രാമില്‍ മണ്ഡലത്തിലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് പാങ്ങോട്,യു.പി വിഭാഗത്തില്‍ സെന്റ് ജോസഫ് യു.പി.എസ് പേരയം,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.ബി.എച്ച്.എസ്.എസ് മിതൃമ്മല,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എസ്.കെ.വി എച്ച്.എസ്.എസ് നന്ദിയോട് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സമ്മാനം നേടി.ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി,വൈസ് പ്രസിഡന്റ് നജിംഷാ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ് ആതിര,ഹെഡ്മാസ്റ്റര്‍ കെ. ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.