തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടിക്ക് 2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍. അവയില്‍ അഞ്ച് സുവര്‍ണ പുരസ്‌ക്കാരങ്ങളും അഞ്ച് സില്‍വര്‍ അവാര്‍ഡുകളും ഉള്‍പ്പെടുന്നു. വനിതാ നേതൃത്വപാടവ മുന്നേറ്റം, ഇലക്ട്രോണിക്-ഓണ്‍ലൈന്‍- പരമ്പരാഗത പഠനം, പഠനത്തിനായി ഗെയിമുകളോ പ്രത്യേക മോഡലുകളിലുള്ള കമ്പ്യൂട്ടറുകളോ നന്നായി ഉപയോഗിക്കുക, കോര്‍പ്പറേറ്റ് സംസ്‌കാര പരിവര്‍ത്തനത്തിലെ മുന്നേറ്റം, പ്രതിഭാ ശേഷി ഭംഗിയായി വിനിയോഗിക്കുക തുടങ്ങിയ മികവുകള്‍ക്കാണ് സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. നേതൃത്വ വികസനം, അതുല്യമോ നൂതനമോ ആയ നേതൃത്വ പരിപാടി, കാര്യക്ഷമതയിലും വൈദഗ്ധ്യത്തിലുമുള്ള മുന്നേറ്റം, ജീവനക്കാരുടെ പ്രകടനം കൈകാര്യം ചെയ്യുന്നതിലെ മികവ്, മികച്ച ജീവനക്കാരെ ഭാവിയിലേക്ക് കണ്ടെത്തുന്നതിലെ ആസൂത്രണം എന്നിവയ്ക്കാണ് സില്‍വര്‍ അവാര്‍ഡുകള്‍ തേടിയെത്തിയത്. 2022ല്‍ മൂന്ന് ഗോള്‍ഡ് പുരസ്‌ക്കാരങ്ങളാണ് ബ്രാന്‍ഡന്‍ ഹാള്‍ ഗ്രൂപ്പില്‍ നിന്ന് യു.എസ്.ടിക്ക് ലഭിച്ചത്.
പ്രവര്‍ത്തന മികവില്‍ വിജയിച്ച് മുന്നോട്ട് കുതിക്കുകയും, പദ്ധതികളും പരിപാടികളും തന്ത്രങ്ങളും മാതൃകകളും സമ്പ്രദായങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വലിയ നേട്ടങ്ങള്‍ കൈവരിക്കാവുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന മികച്ച സ്ഥാപനങ്ങള്‍ക്കാണ് ബ്രാന്‍ഡന്‍ ഹാള്‍ പുരസ്‌ക്കാരം നല്‍കുന്നത്. അതുകൊണ്ട് തന്നെ യു.എസ്.ടിയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട നേട്ടമാണ്. മികച്ച മാനവ വിഭവശേഷി മാനേജ്മെന്റ് സമ്പ്രദായമാണ് യു.എസ്.ടി നടപ്പാക്കുന്നതെന്നും ഈ രീതി സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ പുരോഗതി വാഗ്ദാനം ചെയ്യുന്നെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. മുതിര്‍ന്ന വ്യവസായ വിദഗ്ധരും ബ്രാന്‍ഡ്രന്‍ ഹാള്‍ ഗ്രൂപ്പിന്റെ വിശകലന വിദഗ്ധരും നിര്‍വാഹകസമിതി അംഗങ്ങളും അടങ്ങുന്നതാണ് ജൂറി.
‘ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള നിരന്തരശ്രമമാണ് യു.എസ്.ടിയുടെ മൂല്യമെന്ന് ബ്രാന്‍ഡ്രന്‍ ഗ്രൂപ്പിന്റെ അംഗീകാരം വ്യക്തമാക്കുന്നെന്ന്,’ യു.എസ്.ടി ഹ്യൂമന്‍ റിസോഴ്‌സസ് ആഗോള മേധാവി കവിതാ കുറുപ്പ് പറഞ്ഞു. മനുഷ്യവിഭവശേഷി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് , നൂതനമായ തൊഴില്‍ പരിശീലനവും പ്രതിഭാ വികസന പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. ഇതിലൂടെ മികച്ച തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുകയും അതിലൂടെ കമ്പനിയുടെ യശസ്സ് ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യും. കമ്പനിയുടെ വ്യാപാര ആവശ്യങ്ങളെ എല്ലാ മേഖലിയുമുള്ള തൊഴില്‍ വികസന അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ, മികച്ച വ്യാപാര വിജയം കൈവരിക്കാനും ഒപ്പം ടീം അംഗങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറന്ന് കൊടുക്കാനും യുഎസ്ടിക്ക് കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലിടങ്ങളില്‍ സൗഹാര്‍ദ്ദപരവും സജീവവുമായ സംസ്‌കാരം സൃഷ്ടിക്കുക എന്നത് കമ്പനിയുടെ നേതൃത്വ വികസനത്തിലെ പ്രധാന കാര്യമാണെന്ന് യു.എസ്.ടി ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ മദന കുമാര്‍ പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കുന്നതിനും അവരുടെ സമഗ്രവികസനത്തിനും തൊഴില്‍ പുരോഗതിക്കും മെച്ചപ്പെട്ട അവസരം ലഭിക്കുന്നതിനും സെര്‍വന്റ് ലീഡര്‍ഷിപ്പ് എന്ന തത്വമാണ് കമ്പനി സ്വീകരിക്കുന്നത്. ബ്രാന്‍ഡന്‍ ഹാളിന്റെ അംഗീകാരം മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്ന നേതൃത്വത്തെയും മികച്ച പ്രതിഭകളെ കണ്ടെത്തി നിയമിക്കുന്നതിന് കമ്പനിയെയും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ തങ്ങളുടെ ജീവനക്കാരെ വിലമതിക്കുകയും ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലൂടെ ജീവനക്കാര്‍ക്ക് ചുമതലകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണെന്ന് വ്യക്തമാകുന്നു. ഈ പ്രോഗ്രാമുകള്‍ ബിസിനസ്സ് മൂല്യത്തിനും ജീവനക്കാരെ സ്വാധീനിക്കുന്നതിലും മികച്ചതാണെന്ന് ഉറപ്പിക്കുകയും ചെയ്തു,’ ബ്രാന്‍ഡന്‍ ഹാള്‍ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എച്ച്.എം.സി എക്സലന്‍സ് അവാര്‍ഡ് പ്രോഗ്രാം ലീഡറുമായ റേച്ചല്‍ കുക്ക് പറഞ്ഞു.