വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ മുഖ്യമന്തി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് അനാവരണം ചെയ്തു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം എല്ലാ മലയാളികള്‍ക്കും ലഭിക്കും. പുതിയ ലോഗോ തുറമുഖത്തിന്റെ കീര്‍ത്തിമുദ്രയായി തിളങ്ങട്ടെയെന്നും പിണറായി ആശംസിച്ചു.
വിഴിഞ്ഞത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 6200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റിംഗ് റോഡിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് വ്യവസായ ഇടനാഴി നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയ്ക്ക് കേരള സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. മുഖ്യമന്ത്രി പദ്ധതിയുടെ പുരോഗതി മാസം തോറും അവലോകനം ചെയ്യുന്നുണ്ട്. താന്‍ എല്ലാ ആഴ്ചയും പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയ്ക്ക് ആകെ കണക്കാക്കപ്പെടുന്ന ചെലവായ 7200 കോടി രൂപയില്‍ 4200 കോടി രൂപ കേരള സര്‍ക്കാരാണ് മുടക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗില്‍പ്പെടുത്തി 818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി തുക തുറമുഖം വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പും വഹിക്കും. കേരളത്തിന്റെയും അതു പോലെ ഇന്ത്യയുടെയും സ്വത്താണ് വിഴിഞ്ഞം തുറമുഖം. തുറമുഖം ഒരു നിശ്ചിത കാലയളവ് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം അദാനി ഗ്രൂപ്പിനാണ്. വിഴിഞ്ഞം തുറമുഖം മൂലം രാജ്യത്തിന് 2500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ കഴിയുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
കമ്പനികളുടെ വളര്‍ച്ചയ്ക്ക് ബ്രാന്‍ഡിംഗിന് പ്രധാന പങ്കുണ്ടെന്നും, ലോഗോ ബ്രാന്‍ഡിംഗിന്റെ പ്രധാന ഘടകമാണെന്നും സ്വാഗതമാശംസിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ് പറഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി അദീല അബ്ദുള്ള തുറമുഖത്തേക്കുറിച്ചുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നന്ദി പ്രകാശിപ്പിച്ചു.