Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കായിക പരിശീലന പദ്ധതിക്ക് നാളെ (ശനി) തുടക്കം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി റെയ്‌സ് എന്ന പേരില്‍ ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി നാളെ (ശനി) രാവിലെ 11ന് മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അത്‌ലെറ്റും അര്‍ജുനാ അവാര്‍ഡ് ജേതാവുമായ രൂപാ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാവും.

ഗോകുലം എഫ്.സി സംഘടിപ്പിക്കുന്ന കിംഗ്‌സ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളായ അമല്‍.ബി, ഷിജു ബി.കെ എന്നിവരെ ആദരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ മാനേജര്‍ സുനില്‍രാജ് സി.കെ, മാജിക് പ്ലാനറ്റ് മാനേജര്‍ രാഖീരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലകള്‍ക്ക് പുറമെ കായിക പരിശീലനവും സാധ്യമാക്കുന്നതിനും പാരാലിംപിക്‌സ് അടക്കമുള്ള മത്സര വേദികളിലേയ്ക്ക് കുട്ടികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് റെയ്‌സ് പദ്ധതി ആരംഭിക്കുന്നത്.

Share This Post
Exit mobile version