Press Club Vartha

കടലുണ്ടി പുഴയില്‍കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മഞ്ചേരി: ആനക്കയം പെരുമ്പലത്ത് കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. മമ്പാട് സ്വദേശി മൂര്‍ക്കന്‍ വീട്ടില്‍ അബ്ദുള്ള കുട്ടിയുടെ മകന്‍ മുഹമ്മദ് ഷിഹാന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. ഉച്ചയ്ക്ക് 3.30ഓടെ പള്ളിപ്പടിക്കടവിലെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത ഷിഹാനെ കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

മഞ്ചേരി അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിൽ. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. മാതാവ്: സൗദാബി. സഹോദരങ്ങള്‍: റോഷന്‍, ജെബിന്‍ ഫര്‍ഹാന.

Share This Post
Exit mobile version