Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്റര്‍ സമൂഹത്തിന് പ്രചോദനം: മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ സമൂഹത്തിനാകെ പ്രചോദനമാണെന്ന് മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി റെയ്സ് എന്ന പേരില്‍ ആരംഭിച്ച കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കുട്ടികളുടെ കഴിവുകളെ വളര്‍ത്തി അവര്‍ക്ക് പുതിയൊരു വ്യക്തിത്വം നല്‍കുക വഴി സമൂഹത്തില്‍ തുല്യമായൊരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സെന്ററിന്റെ പ്രവര്‍ത്തനം മഹത്തരമാണ്. അതുല്യരായ പ്രതിഭകളാണ് സെന്ററിലുള്ളത്. അവരുടെ കഴിവുകള്‍ നിറഞ്ഞ ക്ഷേത്രമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍. തീര്‍ത്ഥയാത്ര പോകുന്നവര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം ഇതാണെന്നും ഇവിടെ നിന്നും ലഭിക്കുന്ന സന്തോഷം മോക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ അത്ലെറ്റും അര്‍ജുനാ അവാര്‍ഡ് ജേതാവുമായ രൂപാ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.

ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയവ പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ ടീം ഉണ്ടാക്കുകയും കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. റ്റി.പി ശ്രീനിവാസനും രൂപാ ഉണ്ണികൃഷ്ണനും ഫുട്‌ബോള്‍ കിക് ഓഫ് ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ ഗോകുലം എഫ്.സി സംഘടിപ്പിക്കുന്ന കിംഗ്സ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളായ അമല്‍.ബി, ഷിജു ബി.കെ എന്നിവരെ മെമെന്റോ നല്‍കി ആദരിച്ചു.

Share This Post
Exit mobile version