Press Club Vartha

മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഔപചാരിക നിക്ഷേപ ചര്‍ച്ച കൂടിയാണിത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി കിരീടാവകാശി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഇക്കാര്യം അറിയിച്ചത്. 2000 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ ഇന്ത്യയില്‍ സൗദിയുടെ നിക്ഷേപം 3.22 ബില്യണ്‍ ഡോളറാണ്. ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ കോചെയര്‍ കൂടിയായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദും സൗദി ഇന്‍ഡോ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഇറാം ഗ്രൂപ്പും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) സംയുക്തമായി സൗദിയില്‍ ഇലക്ട്രോണിക് മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള താല്പര്യ പത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രസിഡന്റ് സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അടങ്ങുന്ന സംഘം അഭിവാദ്യം ചെയ്തു.

Share This Post
Exit mobile version