തിരുവനന്തപുരം: സമൂഹത്തിൽ ബധിര വിഭാഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, വിവേചനങ്ങൾ, അനീതികൾ തുടങ്ങിയവ പൊതുജനത്തെ ബോധ്യപ്പെടുത്താനും അവരുടെ അവകാശങ്ങൾ സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുമാണ് ബധിര വാരാഘോഷം പോലെയുള്ള പരിപാടികൾ പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു.
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ് ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബധിര വരാഘോഷം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ പുനരധിവാസവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പോരാടുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് നിഷ്.മികവിന്റെ കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തെ ഒരു സർവ്വകലാശാലയായി ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എല്ലാ പൊതുപരിപാടികളിലും ആംഗ്യഭാഷയിൽ വിവർത്തനം ഉണ്ടാവണമെന്ന തീരുമാനം എടുത്തുകഴിഞ്ഞു.കൂടാതെ കോളേജുകളിലെ പാഠഭാഗങ്ങൾ ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വാരാഘോഷത്തോടെ അവസാനിക്കുന്നതല്ല,വരുന്ന ഒരു വർഷക്കാലം ബധിര വിഭാഗത്തിൽപെട്ടവർക്കായി തുല്യ സമൂഹം സൃഷ്ടിക്കുന്നതിനായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
ബധിരരായ കുട്ടികളുടെ മാനുഷികാവകാശങ്ങൾ എന്ന വിഷയത്തെ ആസ്പ്പദമാക്കി നിഷ്-ലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന ചുമർചിത്രരചനയിലും മന്ത്രി പങ്കാളിയായി.
ഐക്യരാഷ്ട്രസഭ സെപ്റ്റംബർ അവസാനവാരം അന്താരാഷ്ട്ര ബധിര വാരമായി പ്രഖ്യാപിച്ചിരുന്നുബധിരർക്ക് എപ്പോഴും, എവിടെയും ആംഗ്യഭാഷ ഉപയോഗിക്കാവുന്ന ഒരു ലോകം എന്നതാണ് അന്താരാഷ്ട്ര ബധിര വാരം 2023-ന്റെ പ്രമേയം.ബധിര വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 26 മുതൽ 29 വരെ പൊതുജനങ്ങൾക്കായി ഇന്ത്യൻ ആംഗ്യഭാഷാ ക്ലാസുകൾ, ഇന്ത്യൻ ആംഗ്യഭാഷയിൽ സാഹിത്യമത്സരങ്ങൾ,ബധിര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകൾ തുടങ്ങി നിരവധി പരിപാടികൾ നിഷ് ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ നിഷ് ലെ ബധിര വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തവും അരങ്ങേറി. മാനവിയം വീഥിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. നിഷ് അക്കാദമിക് കോർഡിനേറ്റർ ഡെയ്സി സെബാസ്റ്റിൻ, നിഷ് ഐഎസ്എൽ ഇൻസ്‌ട്രക്ടർ സന്ദീപ് കൃഷ്ണ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു.