തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് ലോക ഹൃദയ ദിനാചരണം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജും, കേരള ഹാർട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാർഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. “ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കേരള സർക്കാർ ആരോഗ്യമേഖലയ്ക്ക് നൽകിവരുന്ന പ്രാധാന്യത്തെ മുൻനിർത്തിയാണ് സെപ്റ്റംബർ 29 നു വിപുലമായ പരിപാടികളോടെ ദിനാചരണം സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 06:30യ്ക്ക് കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തിൽ നിന്നാണ് പരിപാടി ആരംഭിക്കുന്നത്. കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തിൽ ലോക ഹൃദയദിന സന്ദേശം മുൻനിർത്തിയുള്ള ഫ്ലാഷ് മൊബ് അരങ്ങേറും. തുടർന്ന് 7 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ലോക ഹൃദയദിന വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും വോക്കത്തോണിൽ പങ്കെടുക്കുകയും ചെയ്യും. കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ, വെള്ളയമ്പലം റൌണ്ട് എബൌട്ട് ചുറ്റി, മാനവീയം വീഥി വഴി ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഹാളിൽ സമാപിക്കും.
പരിപാടിയുടെ ഭാഗമായി ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിയ്ക്കാണ് ലോകഹൃദയ ദിനത്തിന്റെ ഔപചാരികമായ ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഒരു ഹൃദ്രോഗ പരിശോധനാ ക്യാമ്പും 200 പേർക്ക് രക്ത പരിശോധനയും സൗജന്യമായി നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫാസ്റ്റിംഗിൽ വരേണ്ടതും രാവിലെ 08:30-നു മുമ്പായി ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഹാളിൽ തയ്യാറാക്കിയിരിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറിൽ എത്തി പേര് രജിസ്റ്റർ ചെയ്തു രക്തപരിശോധന നടത്തേണ്ടതുമാണ്. ആദ്യം റിപ്പോർട്ട് ചെയ്യുന്ന 200 പേർക്ക് മാത്രമേ രക്തപരിശോധന നടത്തുകയുള്ളൂ.
ഹൃദ്രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും ബോധവൽകരണ / സംശയ നിവാരണ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. ഹൃദ്രോഗം വന്നാൽ, ലോകോത്തരനിലവാരത്തിൽ ഏറ്റവും കുറഞ്ഞ ഡോർ ടൂ ബലൂൺ ടൈം പാലിച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന ചികിത്സാ രീതിയെപ്പറ്റി ഓഡിയോ വിഷ്വൽ ഉപകരണങ്ങളുടെ സഹായത്താൽ വിവരണം നൽകുന്നതാണ്.
മെഡിക്കൽ ക്യാമ്പിന് മുൻകൂർ രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. 8921979171 എന്ന നമ്പറിലേക്ക് പേര്, വയസ്സ്, വിലാസം എന്നീ വിവരങ്ങൾ വാട്ട്സ്ആപ്പ് ചെയ്താൽ മതിയാകും.