Press Club Vartha

‘ഹൃദ്യമായി ഹൃദയം’; എസ്.എ.റ്റിയില്‍ ലോക ഹൃദയ ദിനം ആചരിച്ചു

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയിലെ ശിശു ഹൃദയ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ‘ഹൃദ്യമായി ഹൃദയത്തെ മനസിലാക്കുക ‘ എന്ന മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനാചരണം.

6400 ലധികം കുരുന്നുകളുടെ ഹൃദയ താളത്തെ സാധാരണ നിലയിലാക്കാന്‍ ഹൃദ്യം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കുട്ടികളിലെ ഹൃദ്രോഗത്തിന്റെ തീവ്രത മനസ്സിലാക്കി കാലതാമസം കൂടാതെ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയകള്‍ നടത്താന്‍ എസ്. എ. റ്റി ആശുപത്രിയിലെ ശിശുഹൃദയ വിഭാഗത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്ക് ഹൃദയം തുറക്കാതെയുള്ള കത്തീറ്റര്‍ ചികിത്സ നല്‍കാനായി കാത്ത് ലാബ്, സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ആരംഭിക്കുന്നത് 2018ല്‍ എസ്. എ. റ്റി ആശുപത്രിയിലാണ്. 500ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് ഈ സംവിധാനം വഴി സൗജന്യ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ലോക ഹൃദയദിനാഘോഷവുമായി ബന്ധപ്പെട്ട് ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് സെക്ഷനും ഒരാളുടെ ഹൃദയം പെട്ടെന്ന് നിലച്ചു പോയാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെകുറിച്ചുള്ള വിശദമായ ക്ലാസ്സുകളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

മെഡിക്കല്‍ കോളേജിലെ സി.ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്. എ. റ്റി ആശുപത്രി സൂപ്രണ്ട് ഡോ ബിന്ദു.എസ് അധ്യക്ഷത വഹിച്ചു.
പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വകുപ്പ് മേധാവി ഡോ ലക്ഷ്മി. എസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.രാഹുല്‍ യു.ആര്‍, കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം ഡോ. വിനു സി.വി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share This Post
Exit mobile version