Press Club Vartha

ജാതി സെൻസസിൽ നിന്നും സംസ്ഥാന സർക്കാർ ഇനി ഒഴിഞ്ഞു മാറരുത്; പ്രൊഫ.ഡോ.പി.നസീർ

തിരുവനന്തപുരം: ജാതി സെൻസസിന്റെ വിശദാംശങ്ങൾ ബീഹാർ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ജാതി സെൻസസ് നടത്തുന്നതിൽ നിന്നും സംസ്ഥാന സർക്കാരിന് ഇനി ഒട്ടും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മെക്ക സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ.ഡോ പി നസീർ അഭിപ്രായപ്പെട്ടു. സംസ്ഥാനതലത്തിൽ സാമൂഹിക സാമ്പത്തിക സർവ്വേ നടത്തുന്നതിന് നിയമപരമായി ഒരു തടസ്സവും ഇല്ലെന്ന് ഇതിനകം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബീഹാറിലെ ജാതി സെൻസസിൻ മേൽ തുടർ  നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. മുപ്പത്തിനാല് വർഷമായി മെക്ക ഉയർത്തി കൊണ്ടിരിക്കുന്ന മുദ്രാവാക്യത്തിനുള്ള സ്വീകാര്യത കൂടിയാണിത്. കർണാടക, ഒറീസ, യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്  ഛത്തീസ്ഗഡ്, തുടങ്ങിയ സംസ്ഥാനങ്ങൾ ജാതി സെൻസസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിൽ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന പിന്നാക്ക-പട്ടികജാതി-പട്ടിക വർഗം ഉൾപ്പെടുന്ന കേരളത്തിൽ അടിയന്തര പ്രാധാന്യത്തോടുകൂടി ജാതി സെൻസസ് എടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ജാതി സെൻസസ്: കേരളം എങ്ങോട്ട്!’  എന്ന വിഷയത്തിൽ മെക്ക ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജനറൽ സെക്രട്ടറി പ്രൊഫസർ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. എ. നിസാറുദ്ദീൻ,    സംസ്ഥാന സെക്രട്ടറി എ.എം ഖാൻ ഡോ. വി. നൗഷാദ്, എ. സൈനുലാബ്ദീൻ കുഞ്ഞ്, ഡോ.എസ് എ ഷാനവാസ്, മുഹമ്മദ് ഷെരീഫ്, ലിയാമുദ്ദീൻ, അജിംഷ, ജലാൽ , ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Share This Post
Exit mobile version