Press Club Vartha

ആരും കൂടെയില്ല: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ട്; ലീലാമ്മയ്ക്ക് കണ്ണിന്റെ ശസ്ത്രക്രിയ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇന്നത്തെ സന്ദര്‍ശനം തിരുവനന്തപുരം ജില്ലയിലായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തുമ്പോഴാണ് കൂന്തള്ളൂര്‍ സ്വദേശിയായ 71 വയസുള്ള ലീല മന്ത്രിയെ കാണാനെത്തുന്നത്. കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്നും ആരും കൂടെകാണില്ലെന്നും പരാതി പറഞ്ഞ ലീലയെ ഞങ്ങളെല്ലാം കൂടെയുണ്ട് വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞ് മന്ത്രി ആശ്വസിപ്പിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം കണ്ണാശുപത്രി (ആര്‍ഐഒ) സൂപ്രണ്ടിനെ വിളിച്ച് വേണ്ട സഹായം ചെയ്യാനുള്ള നിര്‍ദേശവും മന്ത്രി നല്‍കി. കണ്ണാശുപത്രിയില്‍ എത്താനും അവിടെ എല്ലാ സഹായവും ചെയ്യുമെന്നും ഉറപ്പ് നല്‍കി.

ലീലയുടെ തിമിരം ബാധിച്ച വലത് കണ്ണിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടയ്ക്ക് രക്തം കട്ടപിടിച്ച് കാഴ്ചയ്ക്ക് പ്രശ്നമായി. കൂടാതെ ഇടതു കണ്ണിന്റെ കാഴ്ചയും മങ്ങി. കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ പോകാനും ആരുമില്ല, പണവും ബുദ്ധിമുട്ടാണ്. തിങ്കളാഴ്ച കണ്ണാശുപത്രിയില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടയ്ക്ക് തലവേദന കാരണമാണ് ചിറയിന്‍കീഴ് ആശുപത്രിയില്‍ ലീല എത്തിയത്. അപ്പോഴാണ് മന്ത്രിയെ കാണുന്നതും സങ്കടം പറയുന്നതും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് മകനെ വളര്‍ത്തിയത്. കൂലിപ്പണിക്കാരനായ മകനില്‍ നിന്നും സഹായം കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.

Share This Post
Exit mobile version