Press Club Vartha

സ്വപ്‌നം തീരമണിഞ്ഞു; വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15നെയാണ് ഫ്ലാഗ് ഇൻ ചെയ്‌താണ് സ്വീകരിച്ചത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിച്ചത്.

കേരളത്തെ സംബന്ധിച്ചിടത്തോളം അസാധ്യം എന്ന വാക്കില്ലെന്നാണ് ഇതോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വന്നത് പോലത്തെ എട്ട് കപ്പലുകള്‍ കൂടി ഇനിയുള്ള ദിവസങ്ങളില്‍ വരുമെന്നും അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അദാനി കമ്പനി അധികൃതർ ഉറപ്പ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മറ്റു ജനപ്രതിനിധികളും ചടങ്ങിലെത്തി.

തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തിയത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്നാണ് ഷെന്‍ഹുവ വിഴിഞ്ഞത്ത് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളിനില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമകസ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് ഈ കപ്പലിലുള്ളത്.

നാളെ മുതല്‍ ക്രെയിന്‍ കപ്പലില്‍ നിന്നിറക്കി ബെര്‍ത്തില്‍ സ്ഥാപിക്കും. 20ന് കപ്പല്‍ തിരിച്ചു പോകും. ക്രെയിനുകളുമായി അടുത്ത കപ്പല്‍ ചൈനയില്‍നിന്ന് നവംബര്‍ 15നു പുറപ്പെടും.

Share This Post
Exit mobile version