തിരുവനന്തപുരം: തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിലേക്ക് കരമനയാറ്റിലെ തളിയിൽ ക്ഷേത്രത്തിന് സമീപത്തുള്ള കടവിൽ നാലുപേർ അകപ്പെട്ടിട്ടുണ്ടെന്ന സന്ദേശമെത്തുന്നത് രാവിലെ 9.45ഓടെയാണ്. ഉടൻ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കൺട്രോൾ റൂമിൽ നിന്നുള്ള അടിയന്തര സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തേക്ക് പോലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ വാഹനങ്ങൾ സൈറൺ മുഴക്കി പാഞ്ഞു. തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ആംബുലൻസും ഡോക്ടർമാരുമായി ആരോഗ്യ വകുപ്പും സ്ഥലത്തെത്തി. പതിവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നത് കണ്ട് നാട്ടുകാർ ആദ്യം ഞെട്ടിയെങ്കിലും , ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമാണിതെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾക്കും കൗതുകമായി. വെള്ളത്തിൽ മുങ്ങിത്താണ നാലുപേരെയും അഗ്നിരക്ഷാസേനയും ദേശീയ ദുരന്ത നിവാരണ സേനയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇവരെ മെഡിക്കൽ സംഘം പരിശോധിക്കുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാഹചര്യങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ പരിശോധിക്കുന്നതിനും കുറവുകൾ നികത്തുന്നതിനുമാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ -താലൂക്ക് തലങ്ങളിൽ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇൻസിഡന്റ് റെസ്‌പോൺസ് ടീം) ഇൻസിഡന്റ് കമാൻഡ് പോസ്റ്റ്, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയ വിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ – രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് മോക് ഡ്രില്ലിലൂടെ വിലയിരുത്തിയത്.
ജില്ലാതലത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെയും താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.