Press Club Vartha

‘കേരളീയം’ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടം: സിദ്ധാര്‍ഥ് വരദരാജന്‍

സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേരളീയത്തിന് ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു ദ വയര്‍ പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്ററും ദ ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ താത്പര്യപൂര്‍വ്വം കാണേണ്ട മാതൃകയാണ് കേരളീയമെന്ന ആശയം. കേരളീയത്തിന് വിവിധ വശങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ആശയങ്ങളുടെയും ചര്‍ച്ചകളുടെയും ആരോഗ്യകരമായ മത്സരത്തിന് കൂടി കേരളീയം വേദിയാകും. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്ന സംസ്ഥാനമായാണ് ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തെ കാണുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയുമടക്കം ഉള്‍ക്കൊള്ളുന്ന, മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനം. രാഷ്ട്രീയക്കാരും പോലീസും മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത സംസ്ഥാനം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നിയമനടപടികള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഒരു ട്രെന്‍ഡായി വളരുമ്പോള്‍ കേരളത്തെ ഇത്തരം സംഭവങ്ങളുണ്ടാകാത്ത സ്ഥലമെന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക മുന്നേറ്റത്തിനും മാനുഷിക പരിഗണനയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് കേരള വികസന മാതൃക. എല്ലാ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കാതെ, ശുചിത്വം, നഗര ഗതാഗതം, പാര്‍പ്പിടം, മത്സ്യത്തൊഴിലാളി ക്ഷേമം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വളര്‍ച്ചയും വികസനവും കൈവരിക്കാന്‍ കഴിയില്ല. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹികനീതി, സ്ത്രീകളുടെ അവകാശങ്ങള്‍, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന നയങ്ങളാണ് കേരള മാതൃകയുടെ സവിശേഷത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായ സ്ഥിതിവിശേഷമാണിത്- സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമാകണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. സ്വതന്ത്ര മാധ്യമങ്ങളില്ലാതെ രാജ്യത്തിനോ സംസ്ഥാനങ്ങള്‍ക്കോ വികസനം സാധ്യമാവില്ല. രാഷ്ട്രീയ ശക്തികളും സാമൂഹ്യശക്തികളും ഇന്ത്യയിലുടനീളം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുമ്പോള്‍ കേരളം ഇതുവരെ അതിനെതിരെ ചെറുത്തു നിന്നു. വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരായ കേരളീയ ജനതയുടെ ചെറുത്തുനില്‍പ്പ് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍ കേരളം ചെയ്തതുപോലെ ആശയപരമായ യുദ്ധത്തിലൂടെ വര്‍ഗീയ ശക്തികളെ മറികടക്കാന്‍ കഴിയണം. അതുകൊണ്ടാണ് കേരളത്തിന് സ്വന്തമായ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ അതിവേഗം മുന്നേറുകയാണ് കേരളം എന്നാണ് സാമൂഹ്യ സൂചകങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കേരളീയം ഉയര്‍ത്തിപ്പിടിക്കേണ്ടത്. കേരളീയത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. തുടര്‍പതിപ്പുകളുണ്ടെങ്കില്‍ തീര്‍ച്ചയായും കേരളീയത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version