തിരുവനന്തപുരം: ഗോത്രവർക്കാരുടെ ജീവിതപോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങളുമായി ട്രൈബൽ മ്യൂസിയം. കേരളീയം 2023ന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജിൽ ഒരുക്കിയ ട്രൈബൽ മ്യൂസിയം നൂറ്റാണ്ടുകൾക്ക് മുമ്പ് ഗോത്രവർഗക്കാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത വസ്തുക്കൾ കൊണ്ട് കൗതുകവും കാഴ്ചകളും തീർക്കുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപെടാനുപയോഗിക്കുന്ന മൊട്ടമ്പ്, വേട്ടയ്ക്കുള്ള കൂരമ്പ്, മരത്തിൽ ഇരുമ്പ് ചേർത്തുണ്ടാക്കിയ വയനാട് മുള്ളുകുറുമൻ പാര എന്നിങ്ങനെ വൈവിധ്യവും വ്യത്യസ്തവുമായ ഉപകരണങ്ങൾ മ്യൂസിയത്തിൽ കാണാം.
അമ്പുംവില്ലും, മീൻ കൂട, മീൻ കൂട്, ചോലനായ്ക വിഭാഗക്കാരുടെ ‘പെട്ടിക്കുട്ട’, ഉറി, വന വിഭവങ്ങളുടെ ശേഖരണത്തിനായി ചോലനായ്ക്ക വിഭാഗക്കാർ നിർമ്മിച്ച മുള കൊണ്ടുള്ള വിവിധതരം കുട്ടകൾ, വിളഞ്ഞിക്കോൽ എന്നിവയ്‌ക്കെല്ലാം ചരിത്രത്തിന്റെ നിരവധി കഥകൾ പറയാനുണ്ട്. കുറിച്യരുടെ കൊരമ്പ് മുതൽ പുനം കൃഷിക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങൾ വരെ മ്യൂസിയത്തിൽ എത്തുന്നവർക്ക് പുത്തൻ അനുഭവമേകും.
ഇടുക്കിയിലെ മുതുവാന്മാരും അട്ടപ്പാടിയിലെ കുറുമ്പരും പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങൾ, വായ്പ്പൂട്ട്, കാരണവന്മാർ ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം ‘വട്ടെ’, മുള്ളുകുറുമൻ, കുറിച്യ വിഭാഗക്കാർ ചോറ് വിളമ്പാൻ ഉപയോഗിച്ചിരുന്ന ‘കോരിക’, പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പർ ഉപയോഗിക്കുന്ന മുള കൊണ്ടുള്ള ‘ഗുലുമ’ എന്നിവയും തനത് രീതിയിൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ കഥകൾ പറയുന്ന ഈ മ്യൂസിയം പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള കിർതാഡ്‌സാണ് ഒരുക്കിയിരിക്കുന്നത്.