ഷാര്‍ജ : 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡിസി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ തുടക്കത്തിലും പുസ്തക പ്രേമികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. മേള തുടങ്ങി നാലാം ദിനത്തിലെത്തിയപ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമാണ്. വാരാന്ത്യ അവധി ദിനമായ ശനിയും രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറും തിരക്ക് തുടരും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്‍പന നടന്നു.
ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പുസ്തകോല്‍സവം വെള്ളിയാഴ്ച മൂന്നാം ദിനം പിന്നിട്ട് നാലാം ദിവസം തുടങ്ങുമ്പോൾ വലിയ ജനശ്രദ്ധയാണുള്ളത്. ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം ഇവിടെ കിട്ടുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭ്യം. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തുന്നു. എഴുത്തുകാരില്‍ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, എം.മുകുന്ദന്റെ ‘നിങ്ങള്‍’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ ‘സമ്പര്‍ക്ക കാന്തി’ എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. എസ്.ഹരീഷിന്റെ ‘മീശ’, വിനോയ് തോമസിന്റെ രചനകള്‍, ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവ വന്‍ ഹിറ്റ് ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു.
അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ്, സുകുമാർ വെങ്ങാട്ടിന്റെ ‘ജീവിതം കീറിയ പേജുകൾ’, തുടങ്ങിയ പുസ്തകങ്ങളും വില്‍പനക്കുണ്ട്.